കൊച്ചി : കടലിലെ പട്രോളിംഗിനിടെ കോസ്റ്റ്ഗാർഡ് പിടികൂടിയ ലക്ഷദ്വീപ് ബോട്ടിൽ നിന്നും നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തി. 555 പാക്കറ്റ് ഹാൻസും രേഖകൾ ഇല്ലാതെ സൂക്ഷിച്ച രണ്ടുലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും പിടിച്ചെടുത്തു. ബോട്ടും ബോട്ടിലുണ്ടായിരുന്ന ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശികളായ മുഹമ്മദ് ഫതറുദ്ദീൻ (33), ക്വാജൽ ഫൈസൽ (29), മുഹമ്മദ് മൻസൂർ (31), സർബാസ് അലിം (27) എന്നിവരെയും കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ കൊച്ചിക്ക് പടിഞ്ഞാറ് കടലിലാണ് സംഭവം. ലക്ഷദ്വീപിൽ നിന്നു മത്സ്യം കയറ്റി കൊച്ചിയിൽ വന്ന് വിൽപന നടത്തി മടങ്ങിയ ബോട്ടാണിത്. ബോട്ടിന്റെ നിറവ്യത്യാസം കണ്ടതിനെ തുടർന്ന് കടലിൽ പട്രോളിംഗ് നടത്തുകയായിരുന്ന കോസ്റ്റ് ഗാർഡിന്റെ കപ്പൽ ബോട്ട് നിർത്താൻ വയർലസിലൂടെ സന്ദേശം നൽകിയെങ്കിലും ബോട്ട് നിർത്താതെ പോയി. തുടർന്ന് ഡെപ്യൂട്ടി കമാൻഡൻ് സന്ദീപ് കുമാർ സെയിനിന്റെ നേതൃത്വത്തിൽ പിന്തുടർന്ന് ബോട്ടിനെ പിടികൂടുകയായിരുന്നു.
പരിശോധനയിൽ 15 പാക്കറ്റ് വീതം അടങ്ങിയ 37 ബണ്ടിൽ ഹാൻസ് കണ്ടെത്തി. കൂടാതെ ആവശ്യമായ രേഖകൾ ഒന്നും തന്നെ ഇല്ലാതെ സൂക്ഷിച്ചിരുന്ന രണ്ടുലിറ്റർ മദ്യവും കണ്ടെത്തി. കസ്റ്റഡിയിലെടുത്തവരേയും ബോട്ടിനേയും പിടികൂടിയ ലഹരി ഉൽപന്നങ്ങളേയും പിന്നീട് ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലിസിന് കൈമാറി. ബോട്ടിൽ ഉണ്ടായിരുന്ന സാധനങ്ങൾ ലക്ഷദ്വീപിൽ വിൽപനക്കായി കൊണ്ടുപോയതാണെന്ന് പ്രതികൾ സമ്മതിച്ചതായി കോസ്റ്റൽ പൊലിസ് അറിയിച്ചു.